ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നിരവധി പേരാണ് തലശ്ശേരി ഡൗൺ ടൗൺ മാളിലെത്തിയത്.
ആഗ്രഹിച്ചത് പുതുവർഷ സമ്മാനമായി കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് അഭിനന്ദ്. കണ്ണൂർ ഇരിക്കൂർ സ്വദേശി ചാറിയാടി ലക്ഷ്മണന്റെ മകൻ അഭിനന്ദ് ശ്രവണ വൈകല്യത്തിന്റേതായ പ്രശ്നങ്ങള് നേരിട്ടിരുന്നു. പഠിക്കാൻ പോലും ആകാതെ ജീവിതം വഴിമുട്ടിയ അവസ്ഥയിൽ. അഭിനന്ദിൻ്റെ ദുരവസ്ഥയെ കുറിച്ച് മാധ്യമങ്ങളിലൂടെയാണ് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അറിയുന്നത്. ഇക്കാര്യം ഉടൻ തന്നെ സുഹൃത്തും ബെൻസി പ്രൊഡക്ഷൻസ് ഉടമയുമായ കെ വി അബ്ദുൽ നാസറിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. യാത്രാമധ്യേ പൊന്നാനിയിലെ അദ്ദേഹത്തിൻ്റെ വീട്ടിലെത്തി നേരിട്ട് തന്നെ ചെന്നിത്തല കുട്ടിയുടെ അവസ്ഥ വിവരിച്ചു. ഇത് കേട്ട ഉടൻ തന്നെ കെ വി അബ്ദുൽ നാസർ അഭിനന്ദിനെ സഹായിക്കാമെന്ന് ഉറപ്പ് നൽകി.
മാനുഷിക ഇടപെടൽ അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം വാഗ്ദാനം നടപ്പാക്കാൻ ഒട്ടും വൈകിച്ചില്ല. ബെൻസി പ്രൊഡക്ഷൻസ് നിർമിക്കുന്ന പുതിയ ചിത്രം ‘ബെസ്റ്റി’യുടെ പ്രചാരണ പരിപാടിക്കിടെ, അഭിനന്ദിന് കോക്ലിയർ ഇംപ്ലാന്റേഷൻ ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രം കൈമാറി. ബെൻസിക്കു വേണ്ടി നിർമല ഉണ്ണികൃഷ്ണനാണ് രേഖ കുടുംബത്തിന് സമ്മാനിച്ചത്. ചെന്നിത്തലയുടെ നിർദ്ദേശപ്രകാരം മുതിർന്ന കോൺഗ്രസ് നേതാവ് വി നാരായണൻ പങ്കെടുത്തു. തലശ്ശേരിയിൽ നടന്ന പരിപാടിയിൽ അഭിനന്ദ് കുടുംബത്തോടൊപ്പമാണ് എത്തിയത്. രമേശ് ചെന്നിത്തലയ്ക്കും കെ വി അബ്ദുൽ നാസറിനും അഭിനന്ദിൻ്റെ കുടുംബം നന്ദി അറിയിച്ചു. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നിരവധി പേരാണ് തലശ്ശേരി ഡൗൺ ടൗൺ മാളിലെത്തിയത്.
ALSO READ : ബാലു വർഗീസിന്റെ കരിയറിലെ വേറിട്ട വേഷം; കൈയടി നേടി ‘എന്ന് സ്വന്തം പുണ്യാളനി’ലെ ‘ഫാ. തോമസ് ചാക്കോ’
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
