റോഷന് ആന്‍ഡ്രൂസിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം
ഉദയനാണ് താരം എന്ന അരങ്ങേറ്റ ചിത്രത്തിലൂടെത്തന്നെ മലയാളികളുടെ മനസില്‍ ഇടംനേടിയ സംവിധായകനാണ് റോഷന് ആന്‍ഡ്രൂസ്. പിന്നീടും നിരവധി ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ കരിയറിലെ 13-ാമത്തെ ചിത്രമായി ബോളിവുഡ് അരങ്ങേറ്റം നടത്തിയിരിക്കുകയാണ് അദ്ദേഹം. ഷാഹിദ് കപൂര്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദേവയാണ് അത്. മലയാളത്തില്‍ പൃഥ്വിരാജിനെ നായകനാക്കി താന്‍ തന്നെ ഒരുക്കിയ മുംബൈ പൊലീസ് ആണ് റോഷന് ആന്‍ഡ്രൂസ് റീമേക്ക് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
വെള്ളിയാഴ്ചയായിരുന്നു ചിത്രത്തിന്റെ റിലീസ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്റെ കണക്ക് അനുസരിച്ച് ചിത്രം ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് നേടിയത് 5.5 കോടി ആയിരുന്നു. നെറ്റ് കളക്ഷനാണ് ഇത്. രണ്ടാം ദിനമായ ശനിയാഴ്ച ഇത് വര്‍ധിപ്പിച്ച് 6.4 കോടി നേടി. അങ്ങനെ ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയത് 11.9 കോടി നെറ്റ് കളക്ഷനാണ്. ഗ്രോസ് 14.35 കോടി ആണെന്നും സാക്നില്‍ക് പറയുന്നു. അതേസമയം ചിത്രത്തിന്റെ ബജറ്റ് 70- 80 കോടിയാണ്. മേക്കിംഗ് കോസ്റ്റ് മാത്രം 60 കോടി.
മുംബൈ പൊലീസിന്റെ രചയിതാക്കള്‍ ആയിരുന്നു ബോബി- സഞ്ജയ്ക്കൊപ്പം അബ്ബാസ് ദലാല്‍, ഹുസൈന് ദലാല്‍, അര്‍ഷാദ് സയിദ്, സുമിത് അറോറ എന്നിവര്‍ ചേര്‍ന്നാണ് ദേവയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം. മൂന്ന് വര്‍ഷത്തിനിപ്പുറമാണ് ഒരു റോഷന് ആന്‍ഡ്രൂസ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. നിവിന്‍ പോളി നായകനായ മലയാള ചിത്രം സാറ്റര്‍ഡേ നൈറ്റ് ആണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
ALSO READ : ‘എനിക്ക് പ്രോഗ്രാം കിട്ടുന്നതിനേക്കാൾ സന്തോഷം എൻ്റെ വിദ്യാർഥികൾക്ക് കിട്ടുന്നത്’; മനസ് നിറഞ്ഞ് സൗഭാഗ്യ
വീണ്ടും കുമ്പളങ്ങിയിലേക്ക് ഒരു യാത്ര, ഒപ്പം എമ്പുരാന്റെ ആവേശക്കാഴ്ചകളും: വീഡിയോ
