സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായെത്തുന്ന പുതിയ ചിത്രം കൂലി റിലീസ് സംബന്ധിച്ച് പുതിയ അപ്ഡേറ്റ്
ചെന്നൈ: സൂപ്പർ സ്റ്റാർ രജനികാന്ത് അഭിനയിച്ച അവസാന ചിത്രം കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വേട്ടൈയൻ ആയിരുന്നു. ജയ് ഭീം എന്ന ശ്രദ്ധേയ ചിത്രം ഒരുക്കിയ സംവിധായകൻ ടി.ജെ. ജ്ഞാനവേൽ ആണ് ഈ സിനിമ സംവിധാനം ചെയ്തത്. വൻ പ്രതീക്ഷകൾക്കിടയിൽ പുറത്തിറങ്ങിയ ഈ ചിത്രം ബോക്സ് ഓഫീസിലും നിരൂപക പ്രശംസയിലും പ്രതീക്ഷിച്ച വിജയം നേടിയില്ല.
ബോക്സ് ഓഫീസ് കളക്ഷനിൽ മുടക്കിയ തുക തിരിച്ചുപിടിച്ചെങ്കിലും, അതിന് മുന്‍പ് ജയിലര്‍ രജനികാന്തിന് നൽകിയത് പോലെയുള്ള വൻ വിജയം വേട്ടൈയന് നേടാനായില്ല. ഈ ചിത്രത്തിന് ശേഷം രജനികാന്ത് ഇപ്പോള്‍ കൂലി എന്ന സിനിമയിൽ അഭിനയിക്കുകയാണ്. ലിയോ എന്ന വിജയ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സ്വര്‍ണ്ണക്കള്ളക്കടത്ത് പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് വിവരം. ചിത്രത്തില്‍ രജനികാന്ത് ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതിഹാസൻ, റെബേക്കാ മൊണിക്കാ ജോൺ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ആമിര്‍ ഖാന്റെ ക്യാമിയോ ചിത്രത്തിലുണ്ടെന്നാണ് വിവരം.
വലിയ താര നിരയുമായി വന്‍ ബജറ്റിൽ ഒരുക്കുന്ന സിനിമ സൺ പിക്ചേഴ്സാണ് നിർമ്മിക്കുന്നത്. അനിരുദ്ധ് സംഗീതം നിർവഹിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനാണ്. ഫിലോമിൻ രാജ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. കൂലി ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടുകൂടിയ ചിത്രങ്ങളിലൊന്നായി മാറിയിരിക്കുമ്പോള്‍ അതിന്റെ റിലീസ് തീയതി സംബന്ധിച്ചും വാര്‍ത്തകള്‍ വരുന്നുണ്ട്.
നേരത്തെ മെയ് 1 ആണ് ചിത്രത്തിന്റെ റിലീസ് ഡേറ്റായി പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ ചിത്രം വൈകിയേക്കും എന്നാണ് വിവരം. കൂലി ഓഗസ്റ്റ് മാസത്തിൽ റിലീസ് ചെയ്യാൻ പദ്ധതിയിട്ടതായ റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോൾ, രജനികാന്തിന്റെ ഭാഗ്യഡേറ്റ് കണക്കിലെടുത്ത് സൺ പിക്ചേഴ്സ് ജയിലര്‍ റിലീസായ ഓഗസ്റ്റ് 10-ാം തീയതിയില്‍ കൂലിയും റിലീസ് ചെയ്യാന്‍ പോകുന്നുവെന്നാണ് വിവരം.
ജയിലര്‍ നെൽസൺ ദിലീപ്കുമാർ ആണ് സംവിധാനം ചെയ്തത്, സൺ പിക്ചേഴ്സ് തന്നെയാണ് നിർമാണവും. ഈ ചിത്രം ആഗോളതലത്തിൽ 650 കോടി രൂപയ്ക്ക് മുകളിലായി കളക്ഷൻ നേടുകയും രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാകുകയും ചെയ്തിരുന്നു.
കൂലി പൂര്‍ത്തിയാക്കിയതിന് ശേഷം രജനികാന്ത് വീണ്ടും സംവിധായകൻ നെൽസൻ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ ജയിലര്‍ രണ്ടാം ഭാഗത്തിൽ അഭിനയിക്കാന്‍ ആരംഭിക്കും. ഈ സിനിമയുടെ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ അനൗണ്‍സ്മെന്റ് ടീസര്‍ അടുത്തിടെ സണ്‍ പിക്ചേര്‍സ് പുറത്തുവിട്ടിരുന്നു.
മുൻ ഭാഗത്തിൽ അഭിനയിച്ച നിരവധി താരങ്ങൾ രണ്ടാം ഭാഗത്തിലും പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോർട്ട്. കൂടാതെ, ചില പുതുമുഖ താരങ്ങളും ജയിലര്‍ 2വില്‍ ഉണ്ടാകും എന്നാണ് വിവരം.
