ഏഷ്യാനെറ്റിലെ പവിത്രം സീരിയലിലെ വിക്രം-വേദ ജോഡികളുടെ പ്രണയഗാനം പുറത്തിറങ്ങി.
കൊച്ചി: ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് സീരിയലാണ് പവിത്രം. ഇതിലെ വിക്രം-വേദ ജോഡിയെ ഇതിനകം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. സുരഭി സന്തോഷ് ആണ് സീരിയലിലെ നായികാ കഥാപാത്രമായ വേദയെ അവതരിപ്പിക്കുന്നത്. ശ്രീകാന്ത് ശശികുമാർ ആണ് വിക്രമിനെ അവതരിപ്പിക്കുന്നത്.
ഇപ്പോളിതാ വലന്റൈൻ ദിനത്തോടനുബന്ധിച്ച് വിക്രം-വേദ പ്രണയഗാനവും പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. സ്റ്റാർ സിങ്ങർ താരങ്ങളായ ശ്രീരാജും അനുശ്രീയുമാണ് ഈ പ്രണയഗാനം ആലപിച്ചിരിക്കുന്നത്. വിക്രമിന്റെയും വേദയുടെയും ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ളതാണ് ഗാനം.
സത്യസന്ധതയ്ക്കും അച്ചടക്കത്തിനും പേരു കേട്ട ജഡ്ജി ശങ്കരനാരായണൻ്റെ മൂത്ത മകളായ വേദയെ ആണ് സുരഭി സന്തോഷ് സീരിയലിൽ അവതരിപ്പിക്കുന്നത്. താലി, വിവാഹത്തിന്റെ മഹത്വം എന്നിവയിലൊക്കെ വളരെയധികം വിശ്വസിക്കുന്ന ആളാണ് വേദ. ബാല്യകാല സുഹൃത്തും അഭിഭാഷകനുമായ ദർശനുമായി വിവാഹം നിശ്ചയിച്ചതോടെ അവളുടെ ജീവിതം സന്തോഷകരമായ വഴിത്തിരിവിലേക്ക് മാറുന്നു. എന്നാൽ കുപ്രസിദ്ധ റൗഡിയും ശക്തനായ ഒരു രാഷ്ട്രീയക്കാരൻ്റെ വലംകൈയുമായ വിക്രം അവളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്നതോടുകൂടി കഥ പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നു.
ഒരു പ്രത്യേക സാഹചര്യത്തിൽ വിക്രം ഒരു ക്ഷേത്രത്തിൽ നിന്ന് താലി എടുത്ത് വേദയുടെ കഴുത്തിൽ കെട്ടുന്നതോടുകൂടി അവളുടെ ജീവിതം കീഴ്മേൽ മറിയുകയാണ്. എന്നാൽ വേദയുടെ അചഞ്ചലമായ വിശ്വാസങ്ങൾ, സാഹചര്യങ്ങൾക്കിടയിലും വിക്രമിനെ ഭർത്താവായി അംഗീകരിക്കാൻ അവളെ പ്രേരിപ്പിക്കുന്നു. തുടർന്നു നടക്കുന്ന സംഭവ വികാസങ്ങളാണ് പവിത്രത്തിന്റെ പ്രമേയം.
കഴിഞ്ഞ ഡിസംബർ മാസത്തിൽ സംപ്രേഷണം ആരംഭിച്ച്, ഒരു മാസം തികയുന്നതിന് മുൻപ് തന്നെ ധാരാളം പ്രേക്ഷകരെ സ്വന്തമാക്കാൻ ഈ സീരിയലിന് സാധിച്ചിട്ടുണ്ട്. കെഎസ് ചിത്രയാണ് ഈ പരമ്പരയുടെ ടൈറ്റിൽ സോങ്ങ് പാടിയിരിക്കുന്നത്.
മുക്കിലും മൂലയിലും സ്വര്‍ണം കൂട്ടിവെച്ച് നേടിയ സ്വപ്നം: സന്തോഷം പങ്കുവെച്ച് ഡിംപിൾ റോസ്
‘ആന്റണി സിനിമ കാണാന്‍ തുടങ്ങിയ കാലത്ത് ഞാന്‍ സിനിമ എടുക്കാന്‍ തുടങ്ങിയതാണ്’: തിരിച്ചടിച്ച് സുരേഷ് കുമാര്‍
