kerala-logo

ഞെട്ടിയോ ഞെട്ടിയോ എന്ന് ആള്‍ക്കാര്‍ ചോദിച്ചു പക്ഷെ: സഹോദരി സന്യാസം സ്വീകരിച്ചതില്‍ നിഖില വിമല്‍

Table of Contents


നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചതിനെക്കുറിച്ച് നിഖിലയുടെ പ്രതികരണം.
കൊച്ചി: ചലച്ചിത്ര താരം നിഖില വിമലിന്‍റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചു എന്ന വാര്‍ത്ത വളരെയേറെ ചര്‍ച്ചയായിരുന്നു. അഖില സന്യാസ വേഷത്തില്‍ നില്‍ക്കുന്ന ചിത്രവും  അഭിനവ ബാലാനന്ദ ഭൈരവയുടെ ഫെയ്സ്ബുക്ക് കുറിപ്പുമാണ് വാര്‍ത്തയായത്. തന്റെ സഹോദരി സന്യാസം സ്വീകരിച്ച സംഭവത്തില്‍ നിഖിലയുടെ പ്രതികരണമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.  ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില ഈ വിഷയത്തില്‍ പ്രതികരിച്ചത്.
തന്‍റെ ചേച്ചിക്ക് 36 വയസായെന്നും. ഒരു ദിവസം പോയി സന്യാസി ആയതല്ല. കൃത്യമായി ആ വഴിക്ക് വേണ്ടതെല്ലാം ചെയ്തിട്ടാണ് പോയത്. അത് തീര്‍ത്തും അവരുടെ വ്യക്തി സ്വതന്ത്ര്യമാണ്. നന്നായി പഠിക്കുന്നയാളാണ്. ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് ആരും ചോദ്യം ചെയ്യുന്നില്ല. സഹോദരിയുടെ കാര്യത്തിലും അത് വേണം. സഹോദരിയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും. ജീവിതത്തില്‍ ആലോചിച്ച് തീരുമാനം എടുക്കുന്നയാളാണ് സഹോദരിയെന്ന് നിഖില പറയുന്നു.
ഞെട്ടിയോ, ഞെട്ടിയോ എന്ന് ആള്‍ക്കാര്‍ ചോദിച്ചു. ഇല്ല ഞെട്ടിയില്ല. നമുക്കിതിനെപ്പറ്റി കാര്യമായി അറിയില്ല. അത്രയും വിവരമോ, ബുദ്ധിയോ വിദ്യാഭ്യാസമോ എനിക്കില്ല. കേള്‍ക്കുന്ന നിങ്ങള്‍ക്ക് ഞെട്ടലുണ്ടെന്നല്ലാതെ ഞങ്ങള്‍ക്കില്ല. സാധാരണ ഒരു വീട്ടില്‍ ആളുകള്‍ പഠിക്കും, ജോലി ചെയ്യും, വിവാഹം കഴിക്കും. എന്റെ വീട്ടില്‍ അങ്ങനെയല്ല, വ്യത്യാസമാണ്.
എന്റെ അച്ഛന്‍ നക്‌സലൈറ്റായിരുന്നു. നക്‌സലൈറ്റിന്റെ മോള്‍ എങ്ങനെ സന്യാസിയായി എന്ന് ചിലര്‍ ചോദിക്കും. ഞാന്‍ കമ്യൂണിസ്റ്റുകാരിയാണെന്ന് ധാരണയുണ്ട്. അതൊക്കെ ആള്‍ക്കാരുടെ ചോയിസല്ലേ. നോര്‍മലായ ഒരു വീടല്ല എന്റേത്. എന്റെ വീട്ടില്‍ നോര്‍മലായിട്ട് അമ്മ മാത്രമേയുള്ളൂ. എന്റെ വീട്ടില്‍ ഇതൊന്നും ഒരു പ്രശ്‌നമേയല്ല. എന്റെ വീട്ടുകാര്‍ക്കില്ലാത്ത ഞെട്ടല്‍ നാട്ടുകാര്‍ക്ക് ഉണ്ടാകേണ്ട കാര്യമില്ലെന്നും നിഖില വ്യക്തമാക്കി.
കഴിഞ്ഞ ജനുവരി 29നാണ്  അഭിനവ ബാലാനന്ദ ഭൈരവ അഖിലയുടെ ചിത്രം പങ്കുവച്ച് ഒരു കുറിപ്പ് പങ്കിട്ടത്.
“ജൂനാ പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നും സന്യാസവും മഹാ മണ്ഡലേശ്വർ പദവിയും സ്വീകരിച്ചു സലിൽ ചേട്ടൻ എന്നതിൽ നിന്ന് ആനന്ദവനം ഭാരതി എന്ന നാമത്തിലേക്കും, ശാസ്ത്രാധ്യയനത്തിൽ എന്‍റെ ശിഷ്യ കൂടിയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്കും എത്തിയതിൽ കാശ്മീര ആനന്ദഭൈരവ പരമ്പരയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ധര്‍മ്മപ്രചരണത്തിനും ധര്‍മ്മസംരക്ഷണത്തിനുമായുള്ള അഖാഡയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും ഭാരതത്തിലുടനീളവും വ്യാപിപ്പിച്ച് ഭാരതത്തിന്‍റെ പാരമ്പര്യം ഉയർത്തുവാൻ രണ്ട് പേർക്കും സാധ്യമാകട്ടെ എന്ന് ദേവിയോട് പ്രാർത്ഥിച്ച് കൊണ്ട്, നമോ നമ: ശ്രീ ഗുരുപാദുകാഭ്യാം”, എന്നാണ് അഭിനവ ബാലാനന്ദഭൈരവയുടെ പോസ്റ്റ്.
കുറിപ്പിനൊപ്പം ഇദ്ദേഹം പങ്കുവച്ചിരിക്കുന്ന ചിത്രത്തില്‍ സന്യാസ വേഷത്തില്‍ കാവി തലപ്പാവ് ധരിച്ച് ഇരിക്കുന്ന അഖിലയെയും കാണാം. കലാമണ്ഡലം വിമലാദേവിയുടെയും എം ആര്‍ പവിത്രന്‍റെയും മക്കളാണ് അഖിലയും നിഖിലയും. രണ്ട് പേരും ചെറു പ്രായത്തില്‍ത്തന്നെ നൃത്തം അഭ്യസിച്ചിട്ടുണ്ട്. നിഖില സിനിമയുടെ വഴി തെരഞ്ഞെടുത്തപ്പോള്‍ അഖില പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയുടെ തിയറ്റര്‍ ആര്‍ട്സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ അഖിലയുടെ ഉപരിപഠനം യുഎസില്‍ ആയിരുന്നു. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ മെലോണ്‍ സ്കൂള്‍ ഓഫ് തിയറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ചില്‍ ഫെല്ലോ ആയിരുന്നു അഖില. ആധ്യാത്മിക പാതയോടുള്ള ആഭിമുഖ്യം പലപ്പോഴും അഖിലയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ദൃശ്യമായിരുന്നു.
നിഖില വിമലിന്‍റെ സഹോദരി സന്യാസം സ്വീകരിച്ചു; ഇനി അവന്തികാ ഭാരതി
ഉണ്ണി മുകുന്ദൻ ഇനി ഡോക്ടർ; ‘ഗെറ്റ് സെറ്റ് ബേബി’ റിലീസ് പ്രഖ്യാപിച്ചു, വിതരണം ആശിർവാദ് സിനിമാസ്

Kerala Lottery Result
Tops