എല്ലാവരെയും പോലെ തന്നെ തനിക്കും സിനിമാ മോഹങ്ങൾ ഉണ്ടെന്നും റബേക്ക പറഞ്ഞു.
മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുഖവുര ആവശ്യമില്ലാത്ത നടിയാണ് റബേക്ക സന്തോഷ്. ഏഷ്യാനെറ്റിലെ സീരിയലിലൂടെ ബാലതാരമായെത്തി ഇപ്പോൾ ഏഷ്യാനെറ്റിലെ തന്നെ ജനപ്രിയ സീരിയലുകളിൽ ഒന്നായ ചെമ്പനീർപ്പൂവിലെ രേവതിയായി പ്രേക്ഷകരുടെ സ്നേഹമത്രയും ഏറ്റു വാങ്ങുകയാണ് റബേക്ക. ചെമ്പനീർ പൂവിൽ പകരക്കാരിയായാണ് എത്തിയതെങ്കിലും അധികം വൈകാതെ റബേക്കയെ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. ഒരു അവതാരക എന്ന നിലയിലും താരം ഇതിനകം കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ സീരിയലുകളിൽ നിന്നും ലഭിക്കുന്ന സ്വീകാര്യത ഒന്ന് വേറെ തന്നെയാണെന്ന് പറയുന്നു റബേക്ക. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് വേണ്ടി അനൂപ സെബാസ്റ്റ്യന് നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“സീരിയലുകളിൽ നിന്നും തന്നെയാണ് പ്രേക്ഷക സ്വീകാര്യത കൂടുതലും ലഭിക്കുന്നത്. അക്കാര്യത്തിൽ സംശയം ഒന്നുമില്ല. റിയാലിറ്റി ഷോ കണ്ടിരുന്നവരിൽ കൂടുതലും ചെറുപ്പകാരായിരുന്നു. എന്നാൽ സീരിയൽ പ്രേക്ഷകരിൽ കൂടുതലും കുറച്ചുകൂടി പ്രായം ഉള്ളവരാണ്. റബേക്ക സന്തോഷ് എന്ന വ്യക്തിക്ക് കൂടുതൽ ഓപ്പൺ ആകാൻ പറ്റുന്നത് ആങ്കറിങ്ങ് ചെയ്യുമ്പോൾ ആണ്”, റബേക്ക ഏഷ്യാനെറ്റ് ഓണ്ലൈനിനോട് പറഞ്ഞു.
ചെമ്പനീർ പൂവിന്റെ ലൊക്കേഷനിൽ എത്തിയപ്പോൾ പുതിയൊരു വീട്ടിലേക്ക് കല്യാണം കഴിച്ചു വരുന്ന പോലെ ആയിരുന്നു തനിക്കു തോന്നിയതെന്നും റബേക്ക പറഞ്ഞു. “പുതിയൊരു ഷെഡ്യൂൾ തുടങ്ങിയപ്പോളാണ് ഞാൻ എത്തിയത്. ആ ലൊക്കേഷനും പ്രൊഡക്ഷൻ കമ്പനിയും എനിക്ക് പുതിയതായിരുന്നു. അതുവരെ ഒരേ പ്രൊഡക്ഷൻ കമ്പനിക്കൊപ്പമാണ് ജോലി ചെയ്തിരുന്നത്. ഞാൻ വരുന്ന കാര്യം അവിടെ ഉണ്ടായിരുന്ന മറ്റ് അഭിനേതാക്കാൾക്കും അറിയില്ലായിരുന്നു. അതിനു മുൻപ് ഒരു വർഷത്തോളം അവർ തമ്മിൽ പരിചയം ഉണ്ട്. ആ ബോണ്ടും അവർ തമ്മിൽ ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിലൂടെ കണ്ടു പരിചയം ഉണ്ട് എന്നല്ലാതെ അവരുമായി എനിക്ക് നേരിട്ട് പരിചയം ഒന്നും ഇല്ലായിരുന്നു. പക്ഷേ ഞാൻ വേഗം എല്ലാവരുമായും കമ്പനിയാകുന്ന ടൈപ് ആണ്. അങ്ങനെ പതിയെ എല്ലാവരുമായും അടുപ്പമായി. ലൊക്കേഷനിൽ എത്തിയപ്പോൾ ആദ്യം ടെക്നിഷ്യൻമാരുമായിട്ടാണ് കമ്പനി ആയത്. പിന്നെ അഞ്ജലിയുമായി അടുപ്പമായി. അഞ്ജലിയും ഞാനും ഒരു വീട്ടിലാണ് താമസിക്കുന്നത്. അങ്ങനെ സംസാരിച്ചു സംസാരിച്ചാണ് അവളുമായി അടുത്തത്. ഇപ്പോൾ എല്ലാവരുമായും നല്ല കൂട്ടാണ്”, റബേക്ക പറഞ്ഞു.
എല്ലാവരെയും പോലെ തന്നെ തനിക്കും സിനിമാ മോഹങ്ങൾ ഉണ്ടെന്നും റബേക്ക പറഞ്ഞു. “ബിഹൈൻഡ് ദ ക്യാമറ ആണ് എനിക്ക് കൂടുതൽ താല്പര്യം. ഒരു സംവിധായിക ആകണം എന്നുള്ളത് വലിയ ആഗ്രഹം ആണ്. ഭർത്താവ് സംവിധായകൻ ആയതു കൊണ്ട് തന്നെ അദ്ദേഹം ചെയ്യുന്ന കാര്യങ്ങളും സീരിയൽ ലൊക്കേഷനിലെ ബിഹൈൻഡ് ദ ക്യാമറയിൽ നടക്കുന്ന കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. ഭർത്താവ് സംവിധാനം ചെയ്യുന്ന സിനിമകളിൽ അസോസിയേറ്റ് ഡയറക്ടർ ആയും പോകാറുണ്ട്. നടി റബേക്ക സന്തോഷ് എന്നുള്ളിടത്തു നിന്നും സംവിധായിക റബേക്ക സന്തോഷ് എന്ന നിലയിലേക്ക് എത്തണം. അതെന്റെ വലിയ സ്വപ്നം ആണ്”, റബേക്ക കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..