കേരളത്തിന്റെ ഉത്സവം എന്നായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ പ്രതികരണം.
തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരുന്ന എമ്പുരാൻ തിയറ്ററിൽ എത്തിക്കഴിഞ്ഞു. വൻ ഹൈപ്പിലെത്തിയ ചിത്രം അതിനൊത്ത് ഉയർന്നുവെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. കുടുംബ സമേതം ആയിരുന്നു മോഹൻലാൽ തന്റെ ചിത്രം കാണാൻ തിയറ്ററിലെത്തിയത്. പ്രണവ് മോഹൻലാലും ഒപ്പമുണ്ടായിരുന്നു.
സൂപ്പർ പടമെന്നാണ് ആദ്യ ഷോ കഴിഞ്ഞിറങ്ങിയ പ്രണവ് മോഹൻലാൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘നല്ല പടം, എനിക്ക് ഭയങ്കര ഇഷ്ടമായി. ഒരു ഇംഗ്ലീഷ് സിനിമ പോലെ’യാണ് തോന്നിയെന്നായിരുന്നു സുചിത്ര മോഹൻലാൽ പ്രതികരിച്ചത്. ഇത് കേരളത്തിന്റെ ഉത്സവം എന്നായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ പ്രതികരണം.
‘ഇത് കേരളത്തിന്റെ ഉത്സവമാണ്. കേരളത്തിന്റെ അല്ല ദേശീയ ഉത്സവമായി പ്രഖ്യാപിച്ചു. എല്ലാ ആറ് വർഷത്തിൽ ഒരിക്കൽ ഈ ഉത്സവം ഇങ്ങനെ വന്നോണ്ടിരിക്കും. മൂന്നാം ഭാഗത്തിലും ഞാൻ ഉണ്ടാകും. പൃഥ്വിരാജും ലാലേട്ടനുമൊക്കെ വൻ പൊളിയല്ലേ. പൃഥ്വിരാജ് സംവിധായകനല്ല, പ്രത്യേകത തരം റോബോർട്ട് സെറ്റിംഗ്സ് ആണ്. ഇത് ഉത്സവമാണ്. ഇത് കേരളത്തിന്റെ ഉത്സവമാണ്. എമ്പുരാന്റെ ഉത്സവം’, എന്നായിരുന്നു സുരാജ് വെഞ്ഞാറമൂട് മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം, എമ്പുരാൻ ഇതിനകം 50 കോടി ക്ലബ്ബിലെത്തിയെന്നാണ് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ അറിയിച്ചത്. റിലീസിന് മുന്നോടിയായിരുന്നു ഇത്. ഈ കണക്ക് പ്രകാരം റിലീസ് ചെയ്ത് ആദ്യ ദിനം 50 കോടി ക്ലബ്ബിലെത്തുന്ന ആദ്യമായ ചിത്രമായിരിക്കുകയാണ് എമ്പുരാൻ.
‘ഞാൻ തമ്പുരാനേന്ന് വിളിക്കും..’; മകന്റെ സിനിമ കണ്ട് കണ്ണുനിറഞ്ഞ് മല്ലിക സുകുമാരൻ
ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
