kerala-logo

പുലര്‍ച്ചെ ഒരു മണിക്ക് ഷോ തീയറ്ററില്‍ 95 ശതമാനം ഒക്യുപെന്‍സി: ബോളിവുഡിനെ ഞെട്ടിച്ച് ഛാവ !

Table of Contents


ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത ഛാവ രണ്ട് ദിവസം കൊണ്ട് 67 കോടിയിലധികം നേടി.
മുംബൈ: ലക്ഷ്മൺ ഉടേക്കര്‍ സംവിധാനം ചെയ്ത ഛാവ റിലീസ് ചെയ്ത് രണ്ട് ദിവസത്തില്‍ ഗംഭീരമായ നേട്ടമാണ് ഉണ്ടാക്കുന്നത്. വിക്കി കൗശൽ നായകനായ ചിത്രം ആദ്യ രണ്ട് ദിവസങ്ങളിൽ ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും 67 കോടിയിലധികം സമ്പാദിച്ചു കഴിഞ്ഞു. ആദ്യ വാരാന്ത്യത്തിൽ തന്നെ 100 കോടി ക്ലബ്ബിൽ ചിത്രം എത്തുമെന്നാണ ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. തിരക്ക് കൂടിയതോടെ പലയിടത്തും തീയറ്ററുകളില്‍ അര്‍ദ്ധരാത്രി ഷോകളും, രാവിലെ 7 മണി ഷോകളും ഏര്‍പ്പെടുത്തിയെന്നാണ് വിവരം.
കൂടുതലും മഹാരാഷ്ട്രയിലാണ് ചിത്രത്തിന് വന്‍ സ്വീകാര്യത ലഭിക്കുന്നത്. മറാഠ ചക്രവര്‍ത്തി ആയിരുന്ന സംഭാജി മഹാരാജിന്‍റെ ജീവിതം പറയുന്ന സിനിമയാണ് ഇത്. ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സംഭാജി മഹാരാജ് എത്തുന്നത് വിക്കി കൗശല്‍ ആണ്. രശ്മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ അക്ഷയ് ഖന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വാലന്‍റൈന്‍സ് ഡേ ആയ ഇന്നലെയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തി എന്ന് മാത്രമല്ല, ബോളിവുഡില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപണിംഗ് ആണ് ചിത്രം സ്വന്തമാക്കിയത്.
നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് ആദ്യ ദിനം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്നത് 33.1 കോടിയാണ്. നെറ്റ് കളക്ഷനാണ് ഇത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം 50 കോടി ഗ്രോസ് നേടിയിട്ടുണ്ടെന്നും നിര്‍മ്മാതാക്കളായ മഡ്ഡോക്ക് ഫിലിംസ് അറിയിച്ചിട്ടുണ്ട്.
ചരിത്രപരമായ പശ്ചാത്തലവും മഹാരാഷ്ട്രയിലെ സാംഭാജിയുടെ കഥയ്ക്കുള്ള  ജനപ്രീതിയും കണക്കിലെടുത്ത് മഹാരാഷ്ട്രയില്‍ ചിത്രം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. തിരക്ക് പരിഗണിച്ച് ഞായറാഴ്ച മുതൽ, മുംബൈയിലെയും പൂനെയിലെയും നിരവധി തിയേറ്ററുകൾ ചിത്രത്തിന്‍റെ അർദ്ധരാത്രി ഷോകൾ ആരംഭിച്ചിട്ടുണ്ട്, പലയിടത്തും 12.30നും, ഒരു മണിക്കും ഷോ കളിക്കുന്നുണ്ട്. ചെറിയ കേന്ദ്രങ്ങളിലെ തിയേറ്ററുകൾ രാവിലെ 6 മണിക്കും 7 മണിക്കും ഷോ തുടങ്ങിയിട്ടുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.
കോയിമോയ് റിപ്പോര്‍ട്ട് പ്രകാരം പൂനെയിലും മറ്റും രാവിലെ ആറുമണി ഷോയില്‍ തന്നെ തീയറ്റര്‍ ഒക്യുപെന്‍സി 95 ശതമാനം ആണെന്നാണ് വിവരം. എന്തായാലും അടുത്തകാലത്ത് ബോളിവുഡ് കണ്ട ഏറ്റവും വലിയ വിജയമാണ് ചിത്രം സ്വന്തമാക്കുന്നത് എന്ന് വ്യക്തമാണ്.
‘അവസരവാദി’ : സ്വന്തം ബോളിവുഡ് ചിത്രം ഹിറ്റടിക്കുമ്പോഴും, സ്വന്തം വാക്കുകള്‍ കാരണം രശ്മികയ്ക്ക് ട്രോള്‍ !
അക്ഷയ് കുമാര്‍ ചിത്രത്തിന്‍റെ ഇരട്ടി! ബോളിവുഡില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപണിംഗ്; ഞെട്ടിച്ച് ‘ഛാവ’

Kerala Lottery Result
Tops