kerala-logo

ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ്; മലയാളത്തിലെ അടുത്ത റീ റിലീസിന്‍റെ തീയതി പ്രഖ്യാപിച്ചു

Table of Contents


ഹരിഹരന്‍ സംവിധാനം ചെയ്‍ത ചിത്രം
റീ റിലീസ് ട്രെന്‍ഡില്‍ മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രവും. മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ വീരഗാഥയാണ് മലയാളത്തില്‍ നിന്ന് ഏറ്റവും ഒടുവില്‍ എത്തിയ റീ റിലീസ്. ഇതിന് പിന്നാലെ എത്തുന്ന ചിത്രവും ഹരിഹരന്‍ സംവിധാനം ചെയ്തതാണ് എന്നതാണ് കൗതുകം. എന്നാല്‍ ഒരു വടക്കന്‍ വീരഗാഥയേക്കാള്‍ 10 വര്‍ഷം മുന്‍പ് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ഇത്. ജയനെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത ശരപഞ്ജരം ആണ് ആ ചിത്രം.
മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ കഥയെ ആസ്പദമാക്കി ഹരിഹരന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണിത്. ജയന്‍റെ കരിയറില്‍ വലിയ മാറ്റം കൊണ്ടുവന്ന ചിത്രം. ഒടുവില്‍ ഉണ്ണികൃഷ്ണന്‍റെ സിനിമാ ജീവിതത്തില്‍ ആദ്യം ചെയ്ത ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നുമാണ് ചിത്രത്തിലേത്. ചന്ദ്രശേഖരന്‍ എന്ന നായക കഥാപാത്രമായി ജയന്‍ എത്തിയ ചിത്രത്തില്‍ സൗദാമിനി എന്ന നായികയായി എത്തിയത് ഷീലയാണ്. ലത, സത്താര്‍, പി കെ എബ്രഹാം, നെല്ലിക്കോട് ഭാസ്‍കരന്‍, ബേബി സുമതി, പ്രിയ, കോട്ടയം ശാന്ത തുടങ്ങിയവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ജി ദേവരാജന്‍ ആയിരുന്നു സംഗീത സംവിധാനം. ആദ്യം തിയറ്ററുകളിലെത്തിയ 1979 ല്‍ ആ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ ബോക്സ് ഓഫീസ് വിജയമായിരുന്നു ശരപഞ്ജരം. ജയന് മികച്ച നായക കഥാപാത്രങ്ങള്‍ പിന്നീട് ലഭിക്കാനും ഈ ചിത്രം തുണയായി. 4 കെ ഡോള്‍ബി അറ്റ്‍മോസ് ദൃശ്യ, ശബ്ദ നിലവാരത്തില്‍ റീമാസ്റ്റര്‍ ചെയ്യപ്പെട്ട ചിത്രത്തിന്‍റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 25 ന് ചിത്രം തിയറ്ററുകളില്‍ എത്തും. റീ റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്‍റെ ടീസറും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.
ALSO READ : വീഡിയോയ്ക്ക് താഴെ അധിക്ഷേപ പരാമര്‍ശം; മറുപടിയുമായി സുമ ജയറാം

Kerala Lottery Result
Tops