“എന്റെ ആദ്യത്തെ സീരിയലിനു തന്നെ ഇത്രയധികം സ്വീകാര്യത ലഭിക്കുമെന്ന് വിചാരിച്ചിരുന്നില്ല”
ടെലിവിഷൻ പ്രേക്ഷകർ നെഞ്ചേറ്റിയ പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപ്പൂവ്. അരുൺ ഒളിംപ്യനാണ് പരമ്പരയിലെ പ്രധാന കഥാപാത്രമായ സച്ചിയെ അവതരിപ്പിക്കുന്നത്. വെള്ളരിക്കാപ്പട്ടണം, സിബിഐ 5, 2028 തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള അരുണിന് അതിനു ശേഷമാണ് സീരിയലിലേക്കുള്ള വിളിയെത്തുന്നത്. സീരിയലിൽ അഭിനയിച്ചാൽ സിനിമയിൽ അവസരം കുറയുമെന്ന് പലരും പറഞ്ഞെന്നും എന്നാൽ കഥയും കഥാപാത്രവും അത്രയേറെ ഇഷ്ടപ്പെട്ടതു കൊണ്ടാണ് ചെമ്പനീർപ്പൂവിൽ അഭിനയിക്കാൻ കാരണമെന്നും അരുൺ പറയുന്നു. സീരിയലുകളിലെ പല സ്റ്റീരിയോടൈപ്പുകളും പൊളിച്ചെഴുതിയ പരമ്പരയാണ് ചെമ്പനീർപ്പൂവെന്നും താരം കൂട്ടിച്ചേർത്തു. ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
”എന്റെ ആദ്യത്തെ സീരിയലിനു തന്നെ ഇത്രയധികം സ്വീകാര്യത ലഭിക്കുമെന്ന് വിചാരിച്ചിരുന്നില്ല. ആളുകൾ എന്നിലെ നടനെ തിരിച്ചറിയണം എന്നതു മാത്രമായിരുന്നു ആഗ്രഹം. ഇപ്പോൾ ലഭിക്കുന്ന പ്രതികരണങ്ങൾ പ്രതീക്ഷിച്ചതിനും അപ്പുറമാണ്. ഈ സ്നേഹത്തിന് എന്റെ ടീമിനോടും പ്രേക്ഷകരോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല”, അരുൺ ഒളിംപ്യൻ പറഞ്ഞു.
”അച്ഛന്റെ സർജറിക്കു വേണ്ടി പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സീൻ ആണ് താൻ ഇതുവരെ ഈ സീരിയലിൽ ചെയ്തതിൽ ഏറ്റവും പ്രിയപ്പെട്ടതെന്നും അരുൺ പറഞ്ഞു. സീരിയലിലെ കഥാപാത്രമായ സച്ചി ഗണപതിയുടെ മുന്നിൽ നിന്ന് കരയുന്ന ഒരു സീൻ ഉണ്ട്. ആ സീനിൽ അഭിനയിക്കാൻ ഞാൻ ഗ്ലിസറിൻ ഉപയോഗിച്ചിരുന്നില്ല. ആ സീനിനും മികച്ച പ്രതികരണമാണ് ലഭിച്ചത്”, അരുൺ കൂട്ടിച്ചേർത്തു.
കോഴിക്കോട് ബാലുശേരി സ്വദേശിയായ അരുൺ ഒളിംപ്യൻ ഒരു ആർക്കിടെക്ട് കൂടിയാണ്. അച്ഛൻ, അമ്മ, ചേട്ടൻ എന്നിവർ അടങ്ങുന്നതാണ് കുടുംബം. ഒളിംപ്യൻ എന്ന പേരിൽ കോഴിക്കോട് ഒരു ജിമ്മും അരുൺ നടത്തുന്നുണ്ട്. ജിമ്മിന്റെ പേരു തന്നെ സ്വന്തം പേരിനൊപ്പം താരം ചേർക്കുകയായിരുന്നു. ഫോട്ടോഷൂട്ടിലും മോഡലിങ്ങിലൂടെയുമാണ് അരുൺ കരിയറിന് തുടക്കം കുറിച്ചത്. ഇതിലൂടെയാണ് സിനിമയിൽ അവസരം ലഭിച്ചത്.
ALSO READ : നിര്‍മ്മാണം ഹരീഷ് പേരടി; ‘ദാസേട്ടന്‍റെ സൈക്കിൾ’ 14 ന്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
