ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്ത ചിപ്പി, ‘തുടരും’ സിനിമയുടെ വിജയത്തിനായി പ്രാർത്ഥിച്ചു. ട്രോളുകളെക്കുറിച്ചും ചിപ്പി പ്രതികരിച്ചു.
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല എന്നു കേൾക്കുമ്പോള്‍ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്ന മുഖമാണ് സിനിമാതാരം ചിപ്പിയുടേത്. പതിവു തെറ്റിക്കാതെ ഇത്തവണയും ചിപ്പി പൊങ്കാലയിടാൻ എത്തിയിരുന്നു. ഇത്തവണ തുടരും എന്ന ചിത്രത്തിന്റെ വിജയത്തിനുവേണ്ടിയുള്ള പ്രാർഥനയായാണ് പൊങ്കാലയിടുന്നതെന്നും ചിപ്പി പറഞ്ഞിരുന്നു. മോഹൻലാലിനെ നായകനാക്കി ചിപ്പിയുടെ ഭർത്താവും നിർമാതാവുമായ രജപുത്ര രഞ്ജിത്ത് നിർമിക്കുന്ന ചിത്രമാണ് തുടരും. സിനിമയ്ക്ക് വേണ്ടി സ്പെഷ്യൽ പ്രാർത്ഥന ഉണ്ടെന്നും ചിപ്പി പ്രതികരിച്ചിരുന്നു.
പൊങ്കാലയുമായി ബന്ധപ്പെട്ട ട്രോളുകളോടും താരം പ്രതികരിച്ചു. ക്രിക്കറ്റിൽ സച്ചിൻ, ഫുട്ബോളിൽ മെസി, ആറ്റുകാൽ പൊങ്കാലയിൽ ചിപ്പി… ഇത്തരം ട്രോളുകൾ കാണാറുണ്ടോ എന്ന ചോദ്യത്തോട് അതൊക്കെ ശ്രദ്ധിക്കാറുണ്ട് എന്നായിരുന്നു ചിപ്പിയുടെ മറുപടി. ട്രോളുകൾ ആസ്വദിക്കാറുണ്ടോ എന്ന ചോദിച്ചപ്പോൾ അതൊക്കെ രസമല്ലേ, നല്ലതല്ലേ, എന്നാണ് താരം പ്രതികരിച്ചത്.
“എത്രാമത്തെ പൊങ്കാല ആണെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. ഇരുപത് വർഷം മേലെ ഉണ്ടാകും. ഒരുപാട് വർഷമായില്ലേ. എല്ലാവർഷവും തുടർച്ചയായി പൊങ്കാല ഇടുന്നുണ്ട്. ചെറുപ്പം മുതലേ ഇടുന്നതാണ്. ഇടയ്ക്ക് വിട്ടുപോയിട്ടുണ്ട്. അതുകൊണ്ട് കൃത്യമായി പറയാനാവില്ല.
എന്നാലും ഓരോ തവണ വരുമ്പോഴും പുതുതായി വരുമ്പോലെ ആണ് തോന്നുന്നത്. ഇക്കൊല്ലം തിരക്ക് നല്ല കൂടുതലാണ്. ക്ഷേത്രത്തിൽ പോയപ്പോഴൊക്കെ നല്ല തിരക്കുണ്ട് തുടരും ഉടൻ റിലീസ് ഉണ്ടാകും. അതിനു വേണ്ടിക്കൂടിയാണ് ഇത്തവണത്തെ പൊങ്കാല”, ചിപ്പി പറഞ്ഞു.
ചിപ്പിക്കു പുറമേ, നിരവധി സിനിമാ, സീരിയൽ താരങ്ങളും സോഷ്യൽ മീഡിയ താരങ്ങളും ആറ്റുകാൽ പൊങ്കാലയിടാൻ തലസ്ഥാന നഗരിയിൽ എത്തിയിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ സമരമിരിക്കുന്ന ആശാ വർക്കർമാരും ഇത്തവണ പൊങ്കാല അർപ്പിച്ചിരുന്നു. ലക്ഷക്കണക്കിന് പേരാണ് തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം പൊങ്കാലയില്‍ പങ്കെടുത്തത്.
ചിപ്പിയില്ലാതെ അനന്തപുരിക്കെന്ത് പൊങ്കാല! ‘തുടരും’ ചിത്രത്തിന് സ്പെഷ്യൽ പ്രാർത്ഥനയും, ട്രോളുകള്‍ക്കും മറുപടി
സൽമാനുളിനും മേഘയ്ക്കും ഒന്നിച്ചുള്ള ആദ്യ റംസാന്‍ കാലം; ഇഫ്താറിന് ഒരു സ്പെഷ്യല്‍ അതിഥി !