മാർച്ച് 27നാണ് എമ്പുരാൻ റിലീസ് ചെയ്യുക.
എമ്പുരാന്റെ റിലീസുമായി ബന്ധപ്പട്ട് നിലനിന്ന അനിശ്ചിതത്വം ഒടുവിൽ അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗോകുലം മൂവീസും കൂടി എമ്പുരാനിൽ സഹകരിച്ചതോടെയാണ് ഇത് സാധ്യമായത്. ഇതോടെ മൂന്ന് നിർമാണ കമ്പനികൾ ഒന്നിച്ചാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുക. ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നീ ബാനറുകളാണ് നിർമാണം. ഈ അവസരത്തിൽ തർക്കം തീർക്കാനായതിൽ സന്തോഷമുണ്ടെന്ന് പറയുകയാണ് ഗോകുലം ഗോപാലൻ.
നല്ലൊരു സിനിമ ഏത് പ്രതിസന്ധി വന്നാലും അത് അഭ്രാപാളിയിൽ എത്തിക്കാൻ വൈകരുത് എന്നതാണ് തന്റെ അഭിപ്രായമെന്ന് ഗോകുലം ഗോപാലൻ പറയുന്നു. പറഞ്ഞ തിയതിയിൽ തന്നെ സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“നല്ലൊരു സിനിമ, അതിന്റെ സാങ്കേതിക തികവുകൊണ്ടും, നിർമാണ പാടവം കൊണ്ടും മികച്ചതായി നിൽക്കുമ്പോൾ ഏതൊരു പ്രതിസന്ധി വന്നാലും അത് അഭ്രാപാളിയിൽ എത്തിക്കാൻ വൈകരുത് എന്നതാണ് എന്റെ അഭിപ്രായം. തർക്കങ്ങൾ തീർത്ത് നല്ലതിലേക്കു എത്തിക്കുവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം.സിനിമ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന എമ്പുരാൻ തീരുമാനിച്ച തിയ്യതിയിൽ തന്നെ റിലീസ് ചെയ്യാൻ പറ്റുമെന്ന വിശ്വാസമുണ്ട്”, എന്നാണ് ഗോകുലം ഗോപാലൻ പറഞ്ഞത്.
‘ചെകുത്താൻ പ്രയോഗിച്ച ഏറ്റവും വലിയ തന്ത്രം’; വെളിപ്പെടുത്തി എമ്പുരാൻ പോസ്റ്റർ, ആവേശത്തിരയിൽ ആരാധകർ
മാർച്ച് 27നാണ് എമ്പുരാൻ റിലീസ് ചെയ്യുക. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്. മലയാളികൾക്കൊപ്പം ഹോളിവുഡ്, ബോളിവുഡ് താരങ്ങളും എമ്പുരാന്റെ ഭാഗമാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
