kerala-logo

നാഥനില്ലാ കളരിയല്ല അമ്മയ്ക്ക് ചോദിക്കാനും പറയാനും ആളുണ്ടെന്ന് ജയൻ ചേർത്തല; സിനിമാ തർക്കത്തിൽ രൂക്ഷ വിമർശം

Table of Contents


നിർമ്മാതാക്കളുടെ സമരപ്രഖ്യാപനത്തിൽ അതിരൂക്ഷ വിമർശനവുമായി താരസംഘടന അമ്മ
കൊച്ചി: സിനിമാ തര്‍ക്കത്തില്‍ നിര്‍മാതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് താരസംഘടന അമ്മ. കിട്ടാവുന്ന ഗുണങ്ങളെല്ലാം കൈപറ്റിയ ശേഷം താരസംഘടനയെയും താരങ്ങളെയും പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ അധിക്ഷേപിക്കുകയാണെന്ന് അമ്മ പ്രതിനിധി ജയന്‍ ചേര്‍ത്തല തുറന്നടിച്ചു. താരങ്ങളുടെ കച്ചവടമൂല്യം നിര്‍മാതാക്കള്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ അര്‍ഹിക്കുന്ന പണം നല്‍കേണ്ടിവരുമെന്നും വ്യക്തമാക്കി. അതിനിടെ ആന്‍റണി പെരുമ്പാവൂരിനെ തള്ളി ജി.സുരേഷ് കുമാറിന് പിന്തുണയുമായി പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പിറക്കി.
സിനിമാ സമരത്തില്‍ തര്‍ക്കം മുറുകുമ്പോള്‍ താരസംഘനയും , നിര്‍മാതാക്കളുടെ സംഘനയും ഒടുവില്‍ തുറന്ന പോരിലേക്ക് എത്തുന്നതാണ് കാണുന്നത്. നാഥനില്ലാ കളരിയല്ലെന്നും അമ്മയ്ക്ക് ചോദിക്കാനും പറയാനും ആളുണ്ടെന്നും വ്യക്തമാക്കിയാണ് ജയന്‍ ചേര്‍ത്തല പ്രൊഡ്യുസേഴ്സ് അസോസിയേഷനെതിരെ തുറന്നടിച്ചത്.  നടീനടന്‍മാര്‍ പണിക്കാരെപ്പോലെ ഒതുങ്ങി നില്‍ക്കണം എന്നാണ് പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ നിലപാട്. എന്തും ചെയ്യാമെന്ന ധാരണ നിര്‍മാതാക്കള്‍ക്ക് വേണ്ടെന്നും അദ്ദേഹം പറ‌ഞ്ഞു.
തിയേറ്ററില്‍ ആളുകയറണമെങ്കില്‍ താരങ്ങള്‍ വേണം. താരങ്ങളുടെ കച്ചവടമൂല്യം നിര്‍മാതാക്കള്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ അര്‍ഹിക്കുന്ന പണം നല്‍കണം. മാസങ്ങളോളം അഭിനയിച്ചിട്ടും പ്രതിഫലം കിട്ടാത്ത നടീനടന്‍മാര്‍ നിരവധിയുണ്ട്. കടം കയറിയ പ്രൊഡ്യുസേഴ്സ് അസോസിയേഷന് സാമ്പത്തിക സഹായം നല്‍കിയത് അമ്മയാണ്. കിട്ടാവുന്ന ഗുണങ്ങളെല്ലാം കൈപറ്റിയ ശേഷമാണ് നിര്‍മാതാക്കള്‍ താരസംഘടനയെ താഴ്തത്തിക്കെട്ടുന്നതെന്നും ജയന്‍ ചേര്‍ത്തല വിമർശിച്ചു.
അതിനിടെ ആന്‍റണി പെരുമ്പാവൂരിനെ തള്ളി ജി.സുരേഷ് കുമാറിന് പിന്തുണയുമായി പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ വാര്‍ത്താകുറിപ്പിറക്കി. സിനിമാ സമരം സംയുക്ത യോഗത്തിലെടുത്ത തീരുമാനമാണെന്നും ക്ഷണിച്ചിട്ടും യോഗത്തിന് വരാതെ സമൂമാധ്യമങ്ങള്‍ വഴി ആന്‍റണി പെരുമ്പാവൂര്‍ പ്രതികരിച്ചത് അനുചിതമാണെന്നും കുറിപ്പിലുണ്ട്. സംഘനടയ്ക്കും വ്യക്തികള്‍ക്കുമെതിരായ നീക്കത്തെ ചെറുക്കുമെന്നും പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. സിനിമയിലെ തര്‍ക്കില്‍ മൗനം പാലിക്കുകയാണ് സര്‍ക്കാര്‍. തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് പകരം താരങ്ങളും ഒരു വിഭാഗം നിര്‍മാതാക്കളും രണ്ട് തട്ടിലായതോടെ വരും ദിവസങ്ങില്‍ കൂടുതല്‍ വാദപ്രതിവാദങ്ങളും വിമര്‍ശനങ്ങളും സിനിമക്കുള്ളില്‍ നിന്ന് തന്നെ ഉണ്ടായേക്കുമെന്ന് ഉറപ്പായി.

Kerala Lottery Result
Tops