ദീപേഷ് ആണ് ഈ രസകരമായ എഐ ആർട്ടിന് പിന്നിൽ.
മലയാളത്തിൽ ഏറ്റവും പ്രചാരമുള്ള ബാലപ്രസിദ്ധീകരണമാണ് ബാലരമ. ഇതിൽ കുട്ടികളുടെ, പ്രത്യേകിച്ച് 90’S കിഡ്ഡുകൾക്ക് മറക്കാനാകാത്തതും ഇന്നും ആരാധകർ ഏറെയുള്ളതും മായാവി കഥകൾക്കാണ്. രാജുവിനെയും രാധായെയും രക്ഷിക്കാൻ പറന്നെത്തുന്ന മായാവി മാത്രമല്ല, അതിലെ കുട്ടൂസനും ലുട്ടാപ്പിയും ഡാക്കിനിയും വിക്രമനും മുത്തുവും തുടങ്ങി എല്ലാ കഥാപാത്രങ്ങൾക്കും ആരാധകർ ഏറെയാണ്.
ഇത്തരത്തിൽ മുതിർന്നവർ വരെ വായിച്ച് രസിക്കുന്ന മായാവി കഥകൾ സിനിമ ആയലോ? ആരൊക്കെയാകും അഭിനേതാക്കൾ. ആ ചോദ്യത്തിന് ഉത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടി കൊണ്ടിരിക്കുന്ന എഐ ദൃശ്യാവിഷ്കാരം. മായാവിയായി ടൊവിനോ എത്തുമ്പോൾ, ഡാക്കിനിയായി മഞ്ജു വാര്യരും ലുട്ടാപ്പിയായും കുട്ടൂസനായും സൗബിൻ ഷാഹിറും രാജുവും രാധയുമായി ബേസിൽ ജോസഫും അനശ്വര രാജനും ഇടംപിടിച്ചിട്ടുണ്ട്. ‘പെർഫെക്ട് കാസ്റ്റ്’, എന്ന് പറഞ്ഞാണ് ഫോട്ടോകൾ വിവിധ സോഷ്യൽ മീഡിയ പേജുകളിൽ പ്രചരിക്കുന്നത്.
ഇത്തരത്തിൽ എഐ ഫോട്ടോകൾ ‘പടച്ചുവിട്ടത്’ ആരാണ് എന്നാണ് ഉയരുന്ന ചോദ്യം. മറ്റാരുമല്ല കാസർകോട് സ്വദേശിയായ ദീപേഷ് ആണ് ഈ രസകരമായ എഐ ആർട്ടിന് പിന്നിൽ. ലേസി ഡിസൈനർ എന്ന ദീപേഷിന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് ഫോട്ടോകൾ പങ്കുവച്ചത്. അതും 2024 ഡിസംബർ 25ന്. ഇപ്പോഴിതെങ്ങനെ വൈറലായി എന്ന അത്ഭുതത്തിലാണ് ദീപേഷ്.
തീയറ്ററിലെ വെടി പൂരം ഇനി ഒടിടിയിൽ; ‘റൈഫിൾ ക്ലബ്ബ്’ സ്ട്രീമിംഗ് എപ്പോൾ ? എവിടെ ? ഇതുവരെ എത്ര നേടി ?
ഐറ്റി മേഖലയിൽ ജോലി ചെയ്യുന്നയാളാണ് ദീപേഷ്. ‘പാഷൻ കൊണ്ടാണ് എഐ ആർട്ടുകൾ ചെയ്യുന്നത്. ഡിസംബറിൽ ചെയ്ത വർക്കാണ്. ഇപ്പോഴിതെങ്ങനെ വൈറലായെന്ന് ഒരുപിടിയും ഇല്ല. വീഡിയോ ആയി ചെയ്യാമെന്നാണ് കരുതിയത്. എങ്കിൽ കുറച്ചു കൂടി ഇംപാക്ട് കിട്ടിയേനെ’, എന്നാണ് ദീപേഷ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞത്.
ഇതിന് മുൻപും ഇത്തരം എഐ ആർട്ടുകൾ ചെയ്തിട്ടുള്ള ആളാണ് ദീപേഷ്. ‘മോളിവുഡ് ബേബീസ്’ എന്ന പേരിൽ ചെയ്ത എഐ വീഡിയോയും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെയാണ് മായാവിയും ശ്രദ്ധനേടുന്നത്. അതേസമയം, കൂടുതൽ മായാവി കഥാപാത്രങ്ങൾ വേണമെന്നും ബിജു കുട്ടൻ ലുട്ടാപ്പിയായാൽ കൊള്ളാമെന്നും ആവേശം അമ്പാനെ വിക്രമൻ ആക്കണമെന്നും കമന്റുകൾ വരുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..