അഞ്ച് തമിഴ് ചിത്രങ്ങളാണ് ഇക്കുറി പൊങ്കല്‍ റിലീസിന്
ഷെയ്ന്‍ നിഗത്തിന്‍റെ തമിഴ് അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ മലയാളി സിനിമാപ്രേമികള്‍ക്കിടയിലും ശ്രദ്ധ നേടിയ ചിത്രമാണ് മദ്രാസ്‍കാരന്‍. വാലി മോഹന്‍ദാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. തമിഴിലെ പൊങ്കല്‍ റിലീസ് ആയാണ് ചിത്രം എത്തിയിരിക്കുന്നത്. തമിഴ് സിനിമയെ സംബന്ധിച്ച് ഏറ്റവും പ്രധാന സീസണുകളിലൊന്നായ പൊങ്കലിന് ഇക്കുറി സൂപ്പര്‍താര ചിത്രങ്ങളൊന്നും ഇല്ലെന്നത് ശ്രദ്ധേയമാണ്. ഷെയ്നിനെ സംബന്ധിച്ച് വലിയ അവസരമാണ് പുതിയ റിലീസിലൂടെ ലഭിച്ചിരിക്കുന്നത്. എന്നാല്‍ ചിത്രം എത്തരത്തിലാണ് സ്വീകരിക്കപ്പെട്ടിരിക്കുന്നത്? ഇപ്പോഴിതാ ബോക്സ് ഓഫീസിലെ ആദ്യ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.
എന്‍റര്‍ടെയ്ന്‍മെന്‍റ് വെബ് സൈറ്റ് ആയ പിങ്ക് വില്ലയുടെ ആദ്യ കണക്കുകള്‍ അനുസരിച്ച് തമിഴ്നാട്ടില്‍ മാത്രം ചിത്രം ആദ്യദിനം നേടിയിരിക്കുന്നത് 50 ലക്ഷം രൂപയാണ്. ഒരു പുതുമുഖ താര (തമിഴില്‍) ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്. അതേസമയം ഓപണിംഗ് സംബന്ധിച്ച ഫൈനല്‍ ഫിഗറില്‍ മാറ്റം വരാം. സൂപ്പര്‍താര ചിത്രങ്ങള്‍ ഇല്ലെങ്കിലും മറ്റ് നാല് തമിഴ് ചിത്രങ്ങളോടാണ് പൊങ്കലിന് മദ്രാസ്‍കാരന്‍ മത്സരിക്കുന്നത്.
ബാലയുടെ സംവിധാനത്തില്‍ അരുണ്‍ വിജയ് നായകനാവുന്ന വണങ്കാന്‍, കിരുതിഗ ഉദയനിധിയുടെ സംവിധാനത്തില്‍ ജയം രവി നായകനാവുന്ന കാതലിക്ക നേരമില്ലൈ, വിഷ്ണുവര്‍ധന്‍റെ സംവിധാനത്തില്‍ ആകാശ് മുരളി നായകനാവുന്ന നെസിപ്പയ, സുന്ദര്‍ സിയുടെ സംവിധാനത്തില്‍ വിശാല്‍ നായകനാവുന്ന മദഗജരാജ എന്നിവയാണ് തമിഴിലെ മറ്റ് പൊങ്കല്‍ റിലീസുകള്‍.
ഷെയ്ന്‍ നിഗത്തിനൊപ്പം കലൈയരസന്‍, നിഹാരിക കോണിഡെല, ഐശ്വര്യ ദത്ത, കരുണാസ്, പാണ്ഡ്യരാജന്‍ തുടങ്ങിയവരാണ് മദ്രാസ്‍കാരനില്‍ അഭിനയിച്ചിരിക്കുന്നത്. എസ് ആര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബി ജഗദീഷ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സാം സി എസ് ആണ് സംഗീത സംവിധാനം.
ALSO READ : വന്യതയുടെ താളവുമായി ‘റൈഫിൾ ക്ലബ്ബി’ലെ ഗാനം; ലിറിക് വീഡിയോ എത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
