പ്രകടന മികവിൽ വിജയ രാഘവനും ദിലീഷ് പോത്തനും കലാഭവൻ ഷാജോണും വിസ്മയിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ.
ശാന്തമായി, ഒരു പുഴപോലെ ഒഴുകുന്നൊരു സിനിമ. കണ്ണും മനസ്സും നിറയ്ക്കുന്ന ദൃശ്യാനുഭവം. പ്രേക്ഷക മനസ്സുകളെ വേട്ടയാടുന്ന മറക്കാനാവാത്തൊരു കാഴ്ചാനുഭവമായിരിക്കുകയാണ് ‘ഔസേപ്പിൻ്റെ ഒസ്യത്ത്’. സിനിമയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക ഹൃദയങ്ങളിൽ കുടിയേറിപ്പാർക്കുന്നതാണ്. വലിയ നാടകീയതകളോ അതിവൈകാരികതയോ ഒന്നുമില്ലാതെ നാം എപ്പോഴെങ്കിലുമൊക്കെ അനുഭവിച്ചറിഞ്ഞിട്ടുള്ളതോ, കണ്ടറിഞ്ഞിട്ടുള്ളതോ, കേട്ടറിഞ്ഞിട്ടുള്ളതോ ആയ കഥാപശ്ചാത്തലവുമായി എത്തിയിരിക്കുന്ന ചിത്രം തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്.
പ്രകടന മികവിൽ വിജയ രാഘവനും ദിലീഷ് പോത്തനും കലാഭവൻ ഷാജോണും വിസ്മയിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ. ഇടുക്കിയിലെ പീരുമേട്ടിൽ പ്രതികൂല സാഹചര്യങ്ങളോടും വന്യമൃഗങ്ങളോടുമൊക്കെ മല്ലിട്ട് ഉണ്ടാക്കിയെടുത്ത നൂറ് ഏക്കറോളം വരുന്ന ഭൂസ്വത്തിന്റെ ഉടമയാണ് ഔസേപ്പ്. വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയ അമ്മച്ചിയുടെ ഓർമ്മ ദിവസം ഔസേപ്പും മക്കളും മരുമക്കളും പേരക്കുട്ടികളും തറവാട്ട് വീട്ടിൽ ഒത്തുചേരുന്നതോടെയാണ് സിനിമയുടെ തുടങ്ങുന്നത്. മൂത്ത മക്കളായ മൈക്കിളിനേയും ജോർജ്ജിനേയും ഇളയമകൻ റോയിയേയും ചുറ്റിപ്പറ്റിയുള്ള ചില രഹസ്യങ്ങളിലൂടെയാണ് സിനിമ പിന്നീട് നീങ്ങുന്നത്. ലളിതമായി എന്നാൽ ദുരൂഹതയുണർത്തുന്ന രീതിയിൽ കഥാപാത്രങ്ങളുടെ ആത്മസംഘർഷങ്ങളാണ് ചിത്രം കഥ പറയുന്നത്. ഒരേ സമയം ഒരു ഫാമിലി ഡ്രാമയായും ആകാംക്ഷ ജനിപ്പിക്കുന്ന ഒരു ത്രില്ലർ സിനിമയായും ചിത്രം മാറുന്നുണ്ട്. കുടുംബ കഥകൾ സ്ക്രീനിലെത്തുമ്പോഴുള്ള എല്ലാ ക്ലീഷേ സാധ്യതകളേയും മറികടന്നിരിക്കുകയാണ് നവാഗത സംവിധായകനായ ശരത്ചന്ദ്രൻ ആർ.ജെ. മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ഏവരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
കരുത്തുറ്റ തിരക്കഥയും അഭിനേതാക്കളുടെ മികവാർന്ന പ്രകടനങ്ങളും അതിഗംഭീര മേക്കിങ് ശൈലിയും കൊണ്ട് പ്രേക്ഷകർക്ക് വേറിട്ടൊരു സിനിമാനുഭവമാണ് ചിത്രം നൽകുന്നത്. ചിത്രത്തിൽ ഔസേപ്പായി എത്തിയിരിക്കുന്നത് അടുത്തിടെ ‘കിഷ്കിന്ധ കാണ്ഡം’, ‘റൈഫിൾ ക്ലബ്ബ്’ ഉള്പ്പെടെ പ്രേക്ഷക, നിരൂപക പ്രശംസ നേടിയ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ ഏവരേയും വിസ്മയിപ്പിച്ച മലയാളികളുടെ പ്രിയ നടൻ വിജയരാഘവനാണ്. മൂത്തമകൻ മൈക്കിളായി ദിലീഷ് പോത്തനും രണ്ടാമത്തെ മകൻ ജോർജായി കലാഭവൻ ഷാജോണും ഇളയ മകൻ റോയിയായി ഹേമന്ത് മേനോനും അസാധ്യ അഭിനയമുഹൂർത്തങ്ങളാണ് സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നത്.
‘പുഷ്പരാജിനും താഴ്ത്താനായില്ലെടാ’; മുടക്കിയത് 70 കോടി, നേടിയത് 2000 കോടി ! 8 വർഷമായി തോൽവി അറിയാതൊരു ചിത്രം
ലെന, കനി കുസൃതി, സെറിൻ ഷിഹാബ്, ജോജി മുണ്ടക്കയം, ജെയിംസ് എല്യാ, അഞ്ജലി കൃഷ്ണൻ, ശ്രീരാഗ്, സജാദ് ബ്രൈറ്റ്, ജോർഡി പൂഞ്ഞാർ, ബ്രിട്ടോ ഡേവീസ്, അജീഷ്, ആർ വി വാസുദേവൻ, അഖിൽ രാജ്, അജി ജോർജ്ജ് തുടങ്ങിയ ഒട്ടേറെ താരങ്ങളുടെ ശ്രദ്ധേയ പ്രകടനങ്ങളും സിനിമയ്ക്ക് മുതൽക്കൂട്ടാണ്. നവാഗതനായ ഫസൽ ഹസനാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്, വ്യത്യസ്തമായ എഴുത്തിലൂടെ സിനിമയെ ആകർഷകമാക്കിയിട്ടുണ്ട് ഫസൽ. അരവിന്ദ് കണ്ണാബിരന്റെ ക്യാമറ, ബി. അജിത് കുമാറിന്റെ എഡിറ്റിംഗ് എല്ലാം മികച്ചുനിൽക്കുന്നുണ്ട്. മെയ്ഗൂർ ഫിലിംസിന്റെ ബാനറിൽ എഡ്വേർഡ് ആന്റണിയാണ് ചിത്രത്തിന്റെ നിർമ്മാണം.
ക്രിയേറ്റീവ് പ്രൊഡ്യൂസർ അബ്രഹാം ചെറിയാൻ, എക്സി.പ്രൊഡ്യൂസേഴ്സ് സുശീൽ തോമസ്, സ്ലീബ വർഗ്ഗീസ്, സംഗീതം സുമേഷ് പരമേശ്വർ, അക്ഷയ് മേനോൻ, ബിജിഎം അക്ഷയ് മേനോൻ, ഗായകൻ ജിതിൻ രാജ്, സൗണ്ട് ഡിസൈൻ, വിപി മോഹൻദാസ്, പ്രൊഡക്ഷൻ കൺട്രോളർ സിൻജോ ഒറ്റത്തൈക്കൽ, ചീഫ് അസോ.ഡയറക്ടർ കെജെ വിനയൻ, ആർട്ട് അർക്കൻ എസ് കർമ്മ, മേക്കപ്പ് നരസിംഹ സ്വാമി, കോസ്റ്റ്യൂം അരുൺ മനോഹർ, സ്റ്റിൽസ് ശ്രീജിത്ത് ചെട്ടിപ്പാടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രതാപൻ കല്ലിയൂർ, ഡിസൈൻ ആൻഡ് പബ്ലിസിറ്റി സ്റ്റിർഡ് ക്രിയേറ്റീവ്, ഡിഐ ഫ്യൂച്ചർ വർക്സ്, കളറിസ്റ്റ് രാഹുൽ പുറവ് ( ഫ്യൂച്ചർ വർക്സ് ), വി എഫ് എക്സ് അരുണ്യ മീഡിയ, ഫിനാൻസ് കൺട്രോളർ വിജീഷ് രവി, വിതരണം സെൻട്രൽ പിക്ചേഴ്സ്, ഡിജിറ്റൽ പ്രൊമോഷൻ ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്സ്, പിആർഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
