ഇതാ വൻ പ്രഖ്യാപനവുമായി മോഹൻലാലെത്തിയിരിക്കുകയാണ്.
വൈവിധ്യം നിറഞ്ഞ പ്രൊജക്റ്റുകളാണ് മോഹൻലാലിന്റേതായി വരാനിരിക്കുന്നത് എന്നാണ് സമീപകാലത്തെ പ്രഖ്യാപനങ്ങള്‍ സൂചിപ്പിക്കുന്നത്. അക്കൂട്ടത്തിലേക്ക് പുതിയ സിനിമയും പ്രഖ്യാപിച്ചിരിക്കുകയാണ്. സംവിധാനം നിര്‍വഹിക്കുക അനൂപ് മേനോനാണ്. നേരത്തെ മോഹൻലാലിന്റെ പകല്‍ നക്ഷത്രങ്ങളുടെ തിരക്കഥ അനൂപ് മേനോനാണ് എഴുതിയിരുന്നത്. ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് പുതിയൊരു പ്രൊഡക്ഷൻ കമ്പനി കൂടി എത്തുകയാണ്. ടൈംലെസ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ വിശദാംശങ്ങൾ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടു. അനൂപ് മേനോൻ, നിർമ്മാണ കമ്പനിയായ ടൈംലെസ് സിനിമാസിന്റെ പ്രതിനിധികളായ അരുൺ ചന്ദ്രകുമാർ, സുജിത്ത് കെ.എസ് എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രം സഹിതമാണ് അദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊൽക്കത്ത, ഷില്ലോംഗ് എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന ഈ സിനിമ പ്രണത്തിലൂടേയും ആഗ്രഹത്തിലൂടേയും സംഗീതത്തിലൂടെയുമെല്ലാമുള്ള ഒരു യാത്രയായിരിക്കുമെന്ന് മോഹൻലാൽ കുറിച്ചു. മികച്ച പിന്നണി പ്രവർത്തകർ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ കഥ തന്റെ ഹൃദയത്തോട് ഏറെ അടുത്തു നിൽക്കുന്നതാണെന്നും മോഹൻലാൽ പറഞ്ഞു. ടൈംലെസ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തുകൊണ്ടാണ് അദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
മലയാള സിനിമാ രംഗത്തേക്ക് എത്തിയ പുതിയ നിർമ്മാണ കമ്പനിയാണ് ടൈംലെസ് സിനിമാസ്. ഉടൻ തന്നെ ഏറെ പ്രതീക്ഷ നൽകുന്ന മറ്റ് പ്രോജക്ടുകളുടെ പ്രഖ്യാപനങ്ങളും ടൈംലെസ് സിനിമാസിന്റേതായി ഉണ്ട്. മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിക്കുക എന്നതാണ് ടൈംലെസ് സിനിമാസിന്റെ ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടർ അരുൺ ചന്ദ്രകുമാർ പറഞ്ഞു.
എമ്പുരാനാണ് മോഹൻലാലിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്ഡേറ്റുകളില് നിന്ന് മനസിലാകുന്നത്. സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായും ഉണ്ടാകും എന്നാണ് വ്യക്തമായിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്.
Read More: സൂപ്പര്‍താരത്തിന്റെ സഹായിയായി, ഡ്രൈവറായി, ഇന്ന് 12800 കോടിയുടെ ആസ്തിയുമായി ആ നിര്‍മാതാവ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക