kerala-logo

സെവൻ സമുറായ് മുതൽ കാവ്യമേള വരെ; ചലച്ചിത്ര പാരമ്പര്യത്തിൽ റീസ്റ്റോർഡ് ക്ലാസിക്‌സ്

Table of Contents


കൂടുതൽ ചിത്രങ്ങളുടെ മികവുറ്റ പതിപ്പുകൾ തയ്യാറാക്കാനുള്ള ഒരുക്കത്തിലുമാണ് ചലച്ചിത്ര അക്കാദമി.
ലോകോത്തര ക്ലാസിക് സിനിമകളുടെ മിഴിവുറ്റ പതിപ്പുകളുമായി 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ‘റീസ്റ്റോർഡ് ക്ലാസിക്‌സ്’പാക്കേജ്. അകിര കുറൊസാവയുടെ സെവൻ സമുറായ് അടക്കം ഏഴ് ചിത്രങ്ങൾ ഈ വിഭാഗത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തി. ക്ലാസിക് ചിത്രങ്ങളുടെ പഴയ പതിപ്പുകൾ കൂടുതൽ ദൃശ്യമികവോടെ റീസ്റ്റോർ ചെയ്ത് പ്രദർശിപ്പിച്ചപ്പോൾ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
സെവൻ സാമുറായുടെയും ഗ്ലോബർ റോച്ച സംവിധാനം ചെയ്ത ബ്രസീലിയൻ ഗ്ലോ ബ്ലാക്ക് ഗോൾഡ് വൈറ്റ് ഡെവിളിന്റെയും പുതുക്കിയ പതിപ്പ്  ഫോർ കെയിലാണ് പ്രദർശിപ്പിച്ചത്. സത്യജിത് റേയുടെ ‘മഹാനഗർ’, നീരദ് എൻ മഹാപാത്രയുടെ ‘മായ മിരിഗ’, ഗിരീഷ് കാസറവള്ളിയുടെ ‘ഘട്ടശ്രദ്ധ’ തുടങ്ങി  ഇന്ത്യൻ ചിത്രങ്ങളുടെ പുതുക്കിയ പതിപ്പുകളും പ്രദർശിപ്പിച്ചു.
എം. കൃഷ്ണൻ നായരുടെ ‘കാവ്യമേള’, ടി.വി. ചന്ദ്രന്റെ ‘ഓർമ്മകളുണ്ടായിരിക്കണം’ എന്നീ രണ്ട് മലയാളം ക്ലാസിക്കുകൾ ടു കെയിലാണ് പ്രദർശിപ്പിച്ചത്. കേരള ചലച്ചിത്ര അക്കാദമിയാണ് ഈ രണ്ട് ചിത്രങ്ങളും റീസ്റ്റോർ ചെയ്തത്. സിനിമയുടെ സമ്പന്നമായ ചരിത്രത്തെ പ്രേക്ഷകരെ പരിചയപ്പെടുത്തുകയാണ് ‘റീസ്റ്റോർഡ് ക്ലാസിക്‌സ്’പാക്കേജിലൂടെ ഐഎഫ്എഫ്‌കെ.
ഈ സിനിമകളുടെ കാലഘട്ടത്തിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സന്ദർഭങ്ങളെ പ്രതിഫലിപ്പിക്കുമ്പോൾ അക്കാലത്തെ ചരിത്രവും രാഷ്ട്രീയവും പ്രേക്ഷകർക്കിടയിലും ചർച്ചയാവുകയാണ്. കേരളത്തിന്റെ മികവാർന്ന ചലച്ചിത്ര പാരമ്പര്യം സംരക്ഷിക്കുന്നതിനായി കേരള ചലച്ചിത്ര അക്കാദമി മുൻകയ്യെടുത്താണ് ‘കാവ്യമേള’, ‘ഓർമ്മകളുണ്ടായിരിക്കണം’ എന്നീ ചിത്രങ്ങളടക്കം നിരവധി ചിത്രങ്ങൾ റീസ്റ്റോർ ചെയ്തത്.
ഇവിടെ നിറയെ സിനിമകളാണ്; ‘റീലുത്സവ’ത്തിന് ശോഭയേകി ഫിലിം മാർക്കറ്റ്
ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിച്ചവ കൂടാതെ ഓളവും തീരവും, വാസ്തുഹാര, യവനിക, ഭൂതക്കണ്ണാടി തുടങ്ങി നിരവധി ചിത്രങ്ങളുടെ പുതുക്കിയ പതിപ്പുകൾ അക്കാദമി ഇതിനോടകം തയ്യാറാക്കിക്കഴിഞ്ഞു. കൂടുതൽ ചിത്രങ്ങളുടെ മികവുറ്റ പതിപ്പുകൾ തയ്യാറാക്കാനുള്ള ഒരുക്കത്തിലുമാണ് ചലച്ചിത്ര അക്കാദമി.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Kerala Lottery Result
Tops