kerala-logo

1273 ശതമാനം വളര്‍ച്ച! ഹിന്ദി ബോക്സ് ഓഫീസില്‍ അസാധാരണ പ്രതികരണവുമായി ‘മാര്‍ക്കോ’

Table of Contents


89 സ്ക്രീനുകളിലായിരുന്നു ചിത്രത്തിന്‍റെ ഹിന്ദി റിലീസ്
മലയാളത്തില്‍ ഒരു ചിത്രം നേരിടുന്ന അപൂര്‍വ്വ വിജയമാണ് ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ നേടിക്കൊണ്ടിരിക്കുന്നത്. മറുഭാഷാ പ്രേക്ഷകര്‍ തിയറ്ററുകളിലെത്തി കണ്ട് മറ്റ് ചിത്രങ്ങളും മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഉത്തരേന്ത്യയില്‍ ഇതുപോലെ ട്രെന്‍ഡ് സൃഷ്ടിച്ച മറ്റൊരു മലയാള ചിത്രവും ഇല്ല. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് നേടിയ പ്രതികരണം അസാധാരണമായിരുന്നു. മലയാളത്തിനൊപ്പം ഡിസംബര്‍ 20 ന് തന്നെയാണ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും തിയറ്ററുകളില്‍ എത്തിയത്. 89 സ്ക്രീനുകളിലായിരുന്നു ചിത്രത്തിന്‍റെ ഹിന്ദി റിലീസ്. എന്നാല്‍ പ്രേക്ഷകപ്രീതി നേടിയതോടെ അത് ദിവസം ചെല്ലുന്തോറും വര്‍ധിച്ചുവന്നു.
മൂന്നാം വാരത്തില്‍ 1360 സ്ക്രീനുകളിലാണ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് പ്രദര്‍ശിപ്പിക്കുന്നതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് അറിയിക്കുന്നു. ആദ്യ വാരം ഹിന്ദി പതിപ്പ് നേടിയ കളക്ഷന്‍ 30 ലക്ഷം ആയിരുന്നെങ്കില്‍ രണ്ടാം വാരം അത് 4.12 കോടിയായി ഉയര്‍ന്നു! അതായത് 1273 ശതമാനം വളര്‍ച്ച. ബോക്സ് ഓഫീസിലെ സര്‍പ്രൈസ് ആണ് ഇത്.
മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രമാണ് മാര്‍ക്കോ. ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെയും ബാനറിൽ ഷരീഫ് മുഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കലൈ കിംഗ്സണ്‍ ആണ് ചിത്രത്തിന്‍റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ആക്ഷന്‍ കൊറിയോഗ്രഫികളില്‍ ഒന്നെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെക്കുറിച്ച് അഭിപ്രായം ഉയര്‍ന്നത്. ഹിന്ദിക്ക് പിന്നാലെ തെലുങ്കിലും തമിഴിലും ചിത്രം റിലീസ് ആയിരുന്നു. സൗത്ത് കൊറിയലിലും റിലീസിന് ഒരുങ്ങുകയാണ് മാര്‍ക്കോ. ഒരു മലയാള ചിത്രം ആദ്യമായാണ് അവിടെ റിലീസ് ചെയ്യപ്പെടുന്നത്.
ALSO READ : ‘മാളികപ്പുറം’ ടീം വീണ്ടും, ഇക്കുറി വേറിട്ട വഴിയേ; ‘സുമതി വളവ്’ ഫസ്റ്റ് ലുക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Kerala Lottery Result
Tops